നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി പീറ്റേഴ്സണ്‍

ദൈവ സംസാരം

2018 ല്‍ ബാര്‍ണാ ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തില്‍ മിക്ക അമേരിക്കക്കാരും ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു കണ്ടെത്തി. കേവലം ഏഴു ശതമാനം അമേരിക്കക്കാരാണ് അവര്‍ നിരന്തരമായി ആത്മിക കാര്യങ്ങള്‍ സംസാരിക്കുന്നതായി പറഞ്ഞത്. അമേരിക്കയില്‍ യേശുവിലുള്ള വിശ്വാസം അനുവര്‍ത്തിക്കുന്നവര്‍ പോലും അതില്‍നിന്നു വ്യത്യസ്തരല്ല. സ്ഥിരമായി പള്ളിയില്‍ പോകുന്നവരില്‍ പതിമൂന്നു ശതമാനം മാത്രമാണ് ആഴ്ചയിലൊരിക്കല്‍ തങ്ങള്‍ ആത്മിക കാര്യം സംസാരിക്കുന്നതായി പറഞ്ഞത്.

ആത്മിക സംഭാഷണങ്ങള്‍ക്ക് ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ ഒരുപക്ഷേ അത്ഭുതമില്ല. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് അപകടമാണ്. ധ്രുവീകൃതമായ രാഷ്ട്രീയ അന്തരീക്ഷം കാരണമോ, ആത്മീയകാര്യങ്ങളിലെ വിയോജിപ്പ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതോ, ആത്മീയ സംസാരം നിങ്ങളുടെ തന്നെ ജീവിതത്തില്‍ വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ചു ബോധ്യപ്പെടാന്‍ കാരണമാകുന്നു എന്നു ഭയന്നോ - അത്യധികം അപകടകരമായ സംഭാഷണങ്ങളായി ഇതു മാറിയേക്കാം.

എങ്കിലും ആവര്‍ത്തന പുസ്തകത്തില്‍, ദൈവജനമായ യിസ്രായേലിനു നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് സാധാരണവും ദൈനംദിന ജീവിതത്തിലെ ഒരു സ്വാഭാവിക ഭാഗവുമായിരിക്കണം എന്നു പറയുന്നു. ദൈവത്തിന്റെ ജനം അവന്റെ വചനങ്ങള്‍ മനഃപാഠമാക്കുകയും എപ്പോഴും കാണത്തക്കവിധം അവയെ പ്രദര്‍ശപ്പിക്കുകയും വേണമായിരുന്നു. ജീവിതത്തിനുവേണ്ടിയുള്ള ദൈവിക പ്രമാണങ്ങളെക്കുറിച്ചു 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും'' നിങ്ങളുടെ മക്കളോടു സംസാരിക്കണമെന്ന് ന്യായപ്രമാണം നിഷ്‌കര്‍ഷിക്കുന്നു (11:19).

സംഭാഷണത്തിനായി ദൈവം നമ്മെ വിളിക്കുന്നു. ഒരു അവസരം കണ്ടെത്തുക, ആത്മാവില്‍ ആശ്രയിക്കുക, നിങ്ങളുടെ ചെറിയ സംസാരങ്ങള്‍ ആഴമായ ഒന്നിലേക്കു നയിക്കുക. നാം അവന്റെ വചനങ്ങളെക്കുറിച്ചു സംസാരിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മുടെ സമൂഹങ്ങളെ അനുഗ്രഹിക്കും.

സ്‌നേഹത്തിന്റെ വിരുന്ന്

ബാബെറ്റിന്റെ വിരുന്ന് എന്ന ഡാനിഷ് സിനിമയില്‍, ഒരു ഫ്രെഞ്ച് അഭയാര്‍ത്ഥി ഒരു തീരദേശ ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തിലെ ആത്മിക ജീവിതത്തിന്റെ നേതൃത്വം വഹിക്കുന്ന പ്രായമുള്ള രണ്ടു സഹോദരിമാര്‍ അവളെ വീട്ടിലേക്കു കൊണ്ടുപോകയും അടുത്ത പതിന്നാലു വര്‍ഷങ്ങള്‍ ബാബെറ്റ് അവരുടെ വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവള്‍ ധാരാളം പണം സ്വരുക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആ സഭയിലെ 12 അംഗങ്ങളെ ഒരു വിരുന്നിനായി ക്ഷണിച്ചു. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ 'കാവിയാറും' കാടയിറച്ചി വറുത്തതും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഫ്രഞ്ച് വിരുന്ന് അവള്‍ ഒരുക്കി.

ഒരു വിഭവത്തില്‍ നിന്ന് അടുത്തതിലേക്ക് അവര്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിഥികളുടെ മനസ്സ് ശാന്തമായി; ചിലര്‍ ക്ഷമ കണ്ടെത്തി, ചിലരുടെ സ്‌നേഹം വീണ്ടും ജ്വലിക്കാനാരംഭിച്ചു, ചിലര്‍ തങ്ങള്‍ കുട്ടിക്കാലത്തു സാക്ഷ്യം വഹിച്ച അത്ഭുതങ്ങള്‍ ഓര്‍ക്കുകയും പഠിച്ച സത്യങ്ങള്‍ അയവിറക്കുകയും ചെയ്തു. 'കൊച്ചുകുട്ടികളേ. തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍ എന്നു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?' അവര്‍ പറഞ്ഞു. ഭക്ഷണം അവസാനിച്ചപ്പോള്‍, താന്‍ തന്റെ സമ്പാദ്യം മുഴുവനും ആ ഭക്ഷണത്തിനായി ചിലവഴിച്ചു എന്ന് ബാബെറ്റ് സഹോദരിമാരോടു വെളിപ്പെടുത്തി. അവള്‍ മുഴുവനും നല്‍കി-പാരീസിലെ പ്രശസ്തയായ ഷെഫ് എന്ന നിലയില്‍ അവിടേക്കു മടങ്ങിപ്പോകാനുള്ള അവസരം ഉള്‍പ്പെടെ. അവളുടെ സ്‌നേഹിതര്‍ ഭക്ഷിക്കുന്ന വേളയില്‍ തങ്ങളുടെ മനസ്സു തുറന്നതായി അവര്‍ക്കനുഭവപ്പെടുന്നതിനായിട്ടാണ് അവള്‍ അങ്ങനെ ചെയ്തത്.

യേശു ഭൂമിയില്‍ വന്നത് ഒരു അപരിചിതനും ദാസനുമായിട്ടാണ്, എങ്കിലും നമ്മുടെ ആത്മീയ വിശപ്പ് ശമിപ്പിക്കുന്നതിനുവേണ്ടി അവന്‍ സകലവും നല്‍കി. യോഹന്നാന്റെ സുവിശേഷത്തില്‍, അവന്റെ തന്റെ ശ്രോതാക്കളെ ഓര്‍മ്മിപ്പിക്കുന്നത് അവരുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വിശന്ന് അലഞ്ഞപ്പോള്‍, ദൈവം അവര്‍ക്ക് കാടപ്പക്ഷിയെയും അപ്പവും നല്‍കി (പുറപ്പാട് 16). ആ ആഹാരം കുറെക്കാലത്തേക്ക് അവരെ തൃപ്തിപ്പെടുത്തി, എന്നാല്‍ തന്നെ 'ജീവന്റെ അപ്പം' ആയി സ്വീകരിക്കുന്നവര്‍ 'എന്നേക്കും ജീവിക്കും' (യോഹന്നാന്‍ 6:48, 51) എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു. അവന്റെ യാഗം നമ്മുടെ ആത്മീയ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നു.

ഉടനടി പരിഹാരം

പാര്‍ക്ക് ഗൈഡിന്റെ പിന്നാലെ നടന്ന്, ബഹാമിയന്‍ പൗരാണിക വനത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ഏതു വൃക്ഷങ്ങളെ ഒഴിവാക്കണം എന്നയാള്‍ പറഞ്ഞു. വിഷത്തടി വൃക്ഷത്തില്‍ നിന്നു പുറപ്പെടുന്ന കറുത്ത കറ ചൊറിച്ചിലും വേദനയും ഉള്ള വ്രണത്തിനു കാരണമാകും. എന്നാല്‍ ഭയപ്പെടേണ്ട. അതിന്റെ തൊട്ടടുത്തു തന്നെ അതിനുള്ള മറുമരുന്നും കാണും. 'എലമി പശ മരത്തിന്റെ ചുവന്ന തൊലി വെട്ടിയിട്ട് അതിന്റെ കറ പുരട്ടിയാല്‍ ഉടനെ സൗഖ്യമാകാന്‍ തുടങ്ങും' അയാള്‍ പറഞ്ഞു.

അത്ഭുതം കൊണ്ട് എന്റെ പെന്‍സില്‍ കൈയില്‍നിന്നു താഴെവീണു. വനത്തില്‍ രക്ഷയുടെ ഒരു ചിത്രം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ എലമി പശ മരത്തില്‍, ഞാന്‍ യേശുവിനെ കണ്ടു. എപ്പോള്‍ പാപത്തിന്റെ വിഷം കണ്ടാലും അതിനുള്ള ഉടനടി പരിഹാരം ഇതാ ഇവിടെ. ആ മരത്തിന്റെ ചുവന്ന തൊലിപോലെ യേശുവിന്റെ രക്തം സൗഖ്യം നല്‍കുന്നു.

മനുഷ്യന് സൗഖ്യം ആവശ്യമാണെന്ന് പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കി. പാപത്തിന്റെ വ്രണം നമ്മെ ബാധിച്ചു. തന്റെമേല്‍ നമ്മുടെ രോഗത്തെ വഹിക്കുന്ന 'കഷ്ടപ്പെടുന്ന ഒരു മനുഷ്യനിലൂടെ' നമുക്കു സൗഖ്യം ലഭിക്കുമെന്ന് യെശയ്യാവു വാഗ്ദാനം ചെയ്തു (യെശയ്യാവ് 53:3). ആ മനുഷ്യന്‍ യേശു ആയിരുന്നു. നാം രോഗികളായിരുന്നു, എന്നാല്‍ നമ്മുടെ സ്ഥാനത്തു മുറിവേല്‍ക്കുവാന്‍ യേശു തയ്യാറായി. നാം അവനില്‍ വിശ്വസിക്കുമ്പോള്‍, പാപത്തിന്റെ രോഗത്തില്‍നിന്നു നമുക്കു സൗഖ്യം ലഭിക്കും (വാ. 5).
സൗഖ്യമായവരെപ്പോലെ ജീവിക്കുവാന്‍ പഠിക്കുവാന്‍ ഒരു ജീവിതകാലം മുഴുവനും വേണ്ടിവന്നേക്കാം-നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും ഒരു പുതിയ സ്വത്വത്തിനുവേണ്ടി അവയെ ഉപേക്ഷിക്കുവാനും-എങ്കിലും യേശു നിമിത്തം നമുക്കതിനു കഴിയും.

ബന്ധത്തിനായി സൃഷ്ടിക്കപ്പെട്ടത്

അനേക രാജ്യങ്ങളില്‍ ഇന്ന് ഏകാന്തരായ ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള 'ഒരു കുടുംബം വാടകയ്ക്ക്' എന്ന പദ്ധതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ചിലര്‍ ഈ സേവനം മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുപയോഗിക്കുന്നു, ഉദാഹരണത്തിന് തനിക്കൊരു കുടുംബമുണ്ടെന്ന് ഒരു പൊതു പരിപാടിയില്‍ പ്രദര്‍ശിപ്പിക്കാന്‍. ചിലര്‍ കുറെ സമയത്തേക്കെങ്കിലും തങ്ങളാഗ്രഹിക്കുന്ന കുടുംബബന്ധങ്ങള്‍ അനുഭവിക്കാന്‍ അഭിനേതാക്കളെയും അപരിചിതരെയും അകന്ന ബന്ധുക്കളെയും വാടകയ്‌ക്കെടുക്കുന്നു.

ഈ പ്രവണത ഒരു അടിസ്ഥാന സത്യത്തെ പ്രതിഫലിപ്പിക്കുന്നു: മനുഷ്യര്‍ ബന്ധങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. ഉല്പത്തിയില്‍ കാണുന്ന സൃഷ്ടിപ്പിന്‍ വിവരണത്തില്‍, ദൈവം താന്‍ സൃഷ്ടിച്ച എല്ലാറ്റെയും നോക്കിയിട്ട് അത് 'എത്രയും നല്ലത്' (1:31) എന്നു കണ്ടു. എങ്കിലും ആദാമിനെ കണ്ടിട്ട് അവന്‍ പറഞ്ഞു, 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല' (2:18). മനുഷ്യന് മറ്റൊരു മനുഷ്യനെ ആവശ്യമുണ്ട്.

ബന്ധത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് ബൈബിള്‍ കേവലം പറയുക മാത്രമല്ല ചെയ്യുന്നത്. എവിടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നു കൂടി അതു പറയുന്നു - യേശുവിന്റെ ശിഷ്യന്മാര്‍ക്കിടയില്‍. യേശു, തന്റെ മരണസമയത്ത് തന്റെ മാതാവിനെ സ്വന്ത മാതാവിനെപ്പോലെ കരുതണമെന്ന് തന്റെ സ്‌നേഹിതനായ യോഹന്നാനോടു പറഞ്ഞു. യേശു പോയിക്കഴിഞ്ഞും അവര്‍ അന്യോന്യം കുടുംബമായി തുടരണമായിരുന്നു (യോഹന്നാന്‍ 19:26-27). കൂട്ടുവിശ്വാസികളെ മാതാപിതാക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയും കരുതണമെന്ന് പൗലൊസും പ്രബോധിപ്പിക്കുന്നു (1 തിമൊഥെയൊസ് 5:1-2). ദൈവത്തിന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തിയുടെ ഒരു ഭാഗം 'ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്ന' താണെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (സങ്കീര്‍ത്തനം 68:6). ഇതു ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമായിട്ടാണ് ദൈവം സഭയെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നമ്മെ ബന്ധത്തിനായി സൃഷ്ടിക്കുകയും നമ്മുടെ കുടുംബമായി തന്റെ ജനത്തെ നല്‍കുകയും ചെയ്ത ദൈവത്തിനു സ്‌തോത്രം.

കൈ പിടിച്ചു പഠിപ്പിക്കുക

എന്റെ ആറു വയസ്സുള്ള മകന്‍ ഓവന് പുതിയ ബോര്‍ഡ് ഗെയിം കിട്ടിയപ്പോള്‍ ബഹുസന്തോഷമായി. എങ്കിലും അരമണിക്കൂര്‍ കളിനിയമങ്ങള്‍ വായിച്ചപ്പോഴേക്കും അവന്‍ നിരാശനായി. അതെങ്ങനെയാണ് കളിക്കുന്നതെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. കുറേക്കഴിഞ്ഞ്, കളി അറിയാവുന്ന ഒരു കൂട്ടുകാരന്‍ വന്ന് അവനെ പഠിപ്പിച്ചതോടെയാണ് തനിക്ക് ലഭിച്ച സമ്മാനം ശരിക്കും ആസ്വദിക്കാന്‍ ഓവന് കഴിഞ്ഞത്.

അവര്‍ കളിക്കുന്നത് നോക്കി നിന്നപ്പോള്‍, അനുഭവസമ്പന്നനായ ഒരു അദ്ധ്യാപകന്‍ ഉണ്ടെങ്കില്‍ പുതിയ ഒരു കാര്യം പഠിക്കുന്നത് എത്ര എളുപ്പമാണെന്ന് ഞാന്‍ ചിന്തിച്ചു. നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നതു സഹായകമാണെങ്കിലും, ചെയ്തു കാണിക്കാന്‍ കഴിയുന്ന ഒരു…

കര്‍ത്താവ് സന്തോഷിക്കുന്നു

എന്റെ മുത്തശ്ശി അടുത്തയിടെ എനിക്ക് പഴയ ഫോട്ടോകള്‍ നിറഞ്ഞ ഒരു കവര്‍ അയച്ചുതന്നു. അവയിലൂടെ വിരലോടിച്ചപ്പോള്‍ ഒരെണ്ണം എന്റെ കണ്ണിലുടക്കി. അതില്‍ രണ്ടു വയസ്സുള്ള ഞാന്‍ അടുപ്പിനു മുമ്പില്‍ പാതകത്തിന്റെ ഒരറ്റത്ത് ഇരിക്കുന്നു. മറ്റേയറ്റത്ത് എന്റെ ഡാഡി മമ്മിയുടെ തോളില്‍ കൈയിട്ട് ഇരിക്കുന്നു. രണ്ടുപേരും സ്‌നേഹത്തോടും ആഹ്ലാദത്തോടും കൂടെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

എല്ലാ പ്രഭാതത്തിലും എനിക്ക് കാണത്തക്കവണ്ണം ഈ ഫോട്ടോ, ഞാന്‍ എന്റെ ഡ്രസിങ് ടേബിളില്‍ കുത്തിവെച്ചു. എന്നോടുള്ള അവരുടെ സ്‌നേഹത്തിന്റെ അതിശയകരമായ ഓര്‍മ്മപ്പെടുത്തലാണത്. എങ്കിലും നല്ല മാതാപിതാക്കളുടെ സ്‌നേഹം പോലും അപൂര്‍ണ്ണമാണെന്നതാണ് സത്യം. ഈ ഫോട്ടോ ഞാന്‍ സൂക്ഷിച്ചതിന്റെ കാരണം, മാനുഷിക സ്‌നേഹം ചിലപ്പോള്‍ മാറിപ്പോയാലും, ദൈവസ്‌നേഹം ഒരിക്കലും മാറിപ്പോകയില്ല എന്ന് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് - ഈ ചിത്രത്തില്‍ എന്റെ മാതാപിതാക്കള്‍ എന്നെ നോക്കുന്നതുപോലെയാണ് തിരുവചന പ്രകാരം ദൈവം എന്നെ നോക്കുന്നത്.

എന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് സെഫന്യാ പ്രവാചകന്‍ ഈ സ്‌നേഹത്തെ വിവരിച്ചിരിക്കുന്നത്. ദൈവം ഘോഷത്തോടെ (പാട്ടോടെ) തന്റെ ജനത്തിന്മേല്‍ സന്തോഷിക്കുന്നു എന്നവന്‍ വിവരിക്കുന്നു. ദൈവത്തിന്റെ ജനം ഈ സ്‌നേഹം സമ്പാദിച്ചതല്ല. അവനെ അനുസരിക്കുന്നതിലും പരസ്പരം മനസ്സലിവ് കാണിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. എങ്കിലും ഒടുവില്‍ ദൈവത്തിന്റെ സ്‌നേഹം അവരുടെ പരാജയങ്ങളെ മറന്ന് വിജയിക്കുമെന്ന് സെഫന്യാവ് വാഗ്ദത്തം ചെയ്യുന്നു. ദൈവം അവരുടെ ശിക്ഷകളെ മാറ്റിക്കളയും (സെഫന്യാവ് 3:15), അവന്‍ അവരില്‍ സന്തോഷിക്കും (വാ. 17). അവന്‍ തന്റെ ജനത്തെ തന്റെ കൈകളില്‍ അണച്ച് അവരെ സ്വദേശത്തേക്കു കൊണ്ടുവന്ന് യഥാസ്ഥാനപ്പെടുത്തും (വാ. 20).

എല്ലാ പ്രഭാതത്തിലും ധ്യാനിക്കാവുന്ന സ്‌നേഹമാണത്.

നമുക്ക് പരസ്പരം ആവശ്യമുണ്ട്

എന്റെ മക്കളുമായി മല കയറുന്ന സമയത്ത്, പാതയുടെ അരികില്‍ വളരുന്ന ഇളം പച്ചനിറത്തിലുള്ള ഒരു സസ്യത്തെ ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയതനുസരിച്ച് അതിനെ സാധാരണയായി 'മാന്‍ പായല്‍' എന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായി. എന്നാലതൊരു പായല്‍ അല്ലായിരുന്നു. അതൊരു കല്‍പ്പായല്‍ ആയിരുന്നു. ഒരു കല്‍പ്പായല്‍ എന്നു പറയുന്നത്, ഒരു ഫംഗസും ഒരു ആള്‍ഗയും പരസ്പര ബന്ധത്തില്‍ ഒന്നിച്ചു വളരുകയും തന്മൂലം രണ്ടു സസ്യങ്ങളും പരസ്പരം നേട്ടം ആര്‍ജ്ജിക്കുകയും ചെയ്തുകൊണ്ട് വളരുന്നതാണ്. ഫംഗസിനോ ആള്‍ഗയ്‌ക്കോ തനിയെ നിലനില്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ഒന്നിച്ചു വളരുമ്പോള്‍ അവ ഒരു കഠിന സസ്യമായി മാറുകയും ആല്‍പ്‌സിലെ ചിലയിടങ്ങളില്‍ ഏതാണ്ട് 4500 വര്‍ഷങ്ങളോളം ജീവിക്കുവാന്‍ കഴിയുകയും ചെയ്യുന്നുണ്ട്. സസ്യത്തിന് വരള്‍ച്ചയെയും കുറഞ്ഞ ഊഷ്മാവിനെയും അതിജീവിക്കാന്‍ കഴിയുന്നതുകൊണ്ട് കഠിനമായ മഞ്ഞുകാലത്ത് കാരിബുകളുടെ (റെയിന്‍ഡിയര്‍) ഏക ഭക്ഷണം ഇത് മാത്രമാണ്.

ഫംഗസും ആള്‍ഗയും തമ്മിലുള്ള ബന്ധം, നമ്മുടെ മാനുഷിക ബന്ധങ്ങളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു. നാം പരസ്പരം ആശ്രയിക്കുന്നു. വളരുവാനും അഭിവൃദ്ധിപ്പെടുവാനും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ്.

പൗലൊസ് കൊലൊസ്യയിലെ വിശ്വാസികള്‍ക്കെഴുതുമ്പോള്‍, നമ്മുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് എഴുതുന്നുണ്ട്. നാം 'മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ'' ധരിക്കണം (കൊലൊസ്യര്‍ 3:12). നാം 'ഏകശരീരം'' ആയിരിക്കുന്നതിനാല്‍ (വാ. 15) അന്യോന്യം ക്ഷമിക്കയും സമാധാനത്തില്‍ ജീവിക്കുകയും വേണം.
നമ്മുടെ കുടുംബത്തോടും അല്ലെങ്കില്‍ സ്‌നേഹിതരോടും സമാധാനത്തില്‍ ജീവിക്കുക എല്ലായ്‌പ്പോഴും എളുപ്പമല്ല. എന്നാല്‍ നമ്മുടെ ബന്ധങ്ങളില്‍ താഴ്മയും ക്ഷമയും പ്രദര്‍ശിപ്പിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തീകരിക്കുമ്പോള്‍ അന്യോന്യമുള്ള നമ്മുടെ സ്‌നേഹം ക്രിസ്തുവിലേക്കു വിരല്‍ ചൂണ്ടുകയും ദൈവത്തിനു മഹത്വം വരുത്തുകയും ചെയ്യും (യോഹന്നാന്‍ 13:35).

സൂക്ഷിക്കുക!

ചൂടുള്ള ദക്ഷിണ നഗരങ്ങളില്‍ വളര്‍ന്ന എനിക്ക് വടക്കെ മേഖലയിലേക്ക് താമസം മാറിയപ്പോള്‍, ദൈര്‍ഘ്യമേറിയ മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നത് പഠിക്കാന്‍ വളരെ സമയം വേണ്ടിവന്നു. എന്റെ ആദ്യത്തെ കഠിനമായ ശരത്കാലത്ത്, മൂന്ന് പ്രാവശ്യം ഞാന്‍ മഞ്ഞില്‍ പൂഴ്ന്നുപോയി. എന്നാല്‍ ദീര്‍ഘവര്‍ഷങ്ങളിലെ പരിശീലന ഫലമായി, ഇത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നത് എനിക്ക് പ്രയാസകരമല്ലാതായി. വാസ്തവത്തില്‍, കുറേ കൂടുതല്‍ സുഖകരമായിട്ടെനിക്കതു തോന്നി. തല്‍ഫലമായി ജാഗ്രത പുലര്‍ത്തുന്നത് ഞാന്‍ നിര്‍ത്തി. അപ്പോഴാണ് ഒരു മഞ്ഞുകൂമ്പാരത്തില്‍ കാര്‍ ഇടിച്ചു തെന്നി വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.

ആര്‍ക്കും പരുക്കുണ്ടായില്ല എന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എങ്കിലും സുപ്രധാനമായ ഒരു കാര്യം ഞാന്‍ അന്ന് പഠിച്ചു. സുഖകരമെന്നു തോന്നുന്നത് എത്ര അപകടകരമാകാം എന്നു ഞാന്‍ ഗ്രഹിച്ചു, സൂക്ഷിക്കുന്നതിന് പകരം, ഞാന്‍ 'ഓട്ടോ പൈലറ്റില്‍'' യാത്ര ചെയ്തു.

നമ്മുടെ ആത്മീയ ജീവിതത്തിലും ഇതേ വിധത്തിലുള്ള ജാഗ്രത നാം പാലിക്കേണ്ടതാണ്. ജീവിതത്തില്‍ ആലോചനയില്ലാതെ കാറ്റിനനുകൂലമായി ഒഴുകാതെ 'ഉണര്‍ന്നിരിപ്പിന്‍'' എന്ന് പത്രൊസ് വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു (1 പത്രൊസ് 5:8). പിശാച് നമ്മെ നശിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ നാമും ജാഗരൂകരായിരിക്കുകയും പരീക്ഷകളില്‍ എതിര്‍ത്തുനിന്നുകൊണ്ട് വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുകയും വേണം (വാ. 9). അത് നമ്മുടെ സ്വന്ത ശക്തിയില്‍ നാം ചെയ്യേണ്ടുന്ന ഒന്നല്ല. നമ്മുടെ കഷ്ടതകളില്‍ നമ്മോടു കൂടിയിരിക്കാമെന്ന്, ആത്യന്തികമായി, നമ്മെ 'യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ചു, ശക്തീകരിക്കാമെന്ന്'' ദൈവം വാഗ്ദത്തം ചെയ്യുന്നു (വാ. 10). അവന്റെ ശക്തിയാല്‍, പിശാചിനോടെതിര്‍ക്കുന്നതിലും കര്‍ത്താവിനെ പിന്തുടരുന്നതിലും ജാഗ്രതയുള്ളവരും സൂക്ഷ്മതയുള്ളവരുമായി നില്‍ക്കാന്‍ നാം പഠിക്കുന്നു.

നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണം

കുഴിച്ചിട്ട നിധി. ഇത് കുട്ടികളുടെ ഒരു കഥാ പുസ്തകത്തിൽ നിന്ന് എടുത്തതുപോലെ തോന്നുന്നു. 2 മില്ല്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങളും സ്വർണ്ണവും നിറഞ്ഞ ഒരു പെട്ടി, പാറകൾ നിറഞ്ഞ മലയിടുക്കുകളിൽ എവിടെയോ താൻ ഉപേക്ഷിച്ചതായി, വിചിത്രപ്രകൃതമുള്ള കോടീശ്വരനായ ഫോറെസ്റ്റ് ഫെൻ അവകാശപ്പെടുന്നു. അനേകർ ഇത് അന്വേഷിച്ചു പോയി. വാസ്തവത്തിൽ, മറച്ചുവെച്ച ഈ നിധി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ, നാല് പേർക്ക് തങ്ങളുടെ ജീവൻ പോലും നഷ്ടമായിരിക്കുന്നു.

സദൃശവാക്യരചയിതാവ്, അല്പം നിർത്തിചിന്തിക്കുന്നതിനുള്ള കാരണം നമുക്കു നൽകുന്നു: ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഇത്തരം ഒരു അന്വേഷണത്തിന് യോഗ്യമാണോ? സദൃശവാക്യങ്ങൾ 4-ൽ, ഒരു പിതാവ് തന്‍റെ മക്കൾക്ക്, എങ്ങനെ നന്നായി ജീവിക്കാം എന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്നതിൽ, എന്തു വിലനൽകിയും നേടിയെടുക്കേണ്ട അന്വേഷണയോഗ്യമായ ഒന്നാണ് ജ്ഞാനം (വാക്യം 7) എന്ന് അഭിപ്രായപ്പെടുന്നു. ജ്ഞാനം നമ്മെ ജീവിതത്തിൽ വഴി നയിക്കുകയും, ഇടർച്ചയിൽനിന്നു നമ്മെ സൂക്ഷിക്കുകയും, ബഹുമാനത്താൽ മഹത്വകിരീടം ചൂടിക്കുകയും ചെയ്യും (വാക്യം 8-12). യേശുവിന്‍റെ ശിഷ്യന്മാരിൽ ഒരാളായ യാക്കോബും, നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, ജ്ഞാനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. "ഉയരത്തിൽനിന്നുള്ള ജ്ഞാനമോ, ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു." (യാക്കോബ് 3:17) എന്നു അദ്ദേഹം എഴുതുന്നു. നാം ജ്ഞാനം അന്വേഷിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ നല്ല കാര്യങ്ങളാലും നാം അഭിവൃദ്ധി പ്രാപിക്കുന്നു.

ജ്ഞാനം അന്വേഷിക്കുകയെന്നാൽ, ആത്യന്തികമായി, സർവ്വജ്ഞാനത്തിന്‍റെയും അറിവിന്‍റെയും ഉറവിടമായ ദൈവത്തെ  അന്വേഷിക്കുക എന്നതാണ്. ഉയരത്തിൽ നിന്നു വരുന്ന ജ്ഞാനത്തെ അന്വേഷിക്കുന്നത്, നമുക്ക് സങ്കൽപിക്കുവാനാകുന്ന, കുഴിച്ചിടപ്പെട്ട ഏതെങ്കിലും നിധിയുടെ വിലയേക്കാൾ അധികമാണ്.

എന്‍റെ യഥാർത്ഥ സ്വത്വത്തെ കണ്ടെത്തൽ

ആരാണ് ഞാൻ? മക് ഇൻക്പെൻ രചിച്ച, കുട്ടികൾക്കായുള്ള “നത്തിംഗ്” എന്ന പുസ്തകത്തിൽ മങ്ങിയതും മൃദുവായ വസ്തുക്കൾ നിറച്ചതുമായ ഒരു ജീവി സ്വയം ചോദിക്കുന്ന ചോദ്യമാണിത്. മാളികപ്പുരയിലെ പൊടിപിടിച്ച ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട  ആ ജീവി, വസ്തുക്കൾ നീക്കുന്നവർ അവനെ “നിസ്സാരൻ” എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ, തന്‍റെ പേരാണ് ഇത്, എന്നു സ്വയം കരുതുന്നു.

മറ്റു മൃഗങ്ങളുമായുള്ള സംസർഗ്ഗം ഓർമ്മകളെ ഉണർത്തുന്നു. അപ്പോൾ, നിസ്സാരന്, തനിക്ക് ഒരു വാലും, മീശയും, വരകളും ഉണ്ടായിരുന്നുവെന്ന സുബോധം ലഭിക്കുന്നു. എന്നാൽ തന്‍റെ സ്വന്ത വീട് കണ്ടെത്തുവാൻ സഹായിച്ച ഒരു വരയൻ പൂച്ചയെ കണ്ടുമുട്ടുന്നതുവരെ, താൻ വാസ്തവത്തിൽ ആരാണെന്ന് നിസ്സാരൻ ഓർത്തിരുന്നില്ല: താൻ, പതുപതുത്ത വസ്തുക്കൾ നിറച്ച ടോബി എന്നു പേരുള്ള ഒരു പൂച്ചയായിരുന്നു. അവന്‍റെ ഉടമ സ്നേഹപൂർവം അവനെ തിരികെ സ്വീകരിക്കുകയും, പുതിയ ചെവികൾ, വാൽ, മീശകൾ, വരകൾ എന്നിവ തുന്നിച്ചേർക്കുകയും ചെയ്തു.

ഈ പുസ്തകം വായിക്കുമ്പോഴെല്ലാം, ഞാൻ എന്‍റെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്നു. ആരാണ് ഞാൻ? യോഹന്നാൻ വിശ്വാസികൾക്ക് എഴുതുന്നതിൽ, ദൈവം നമ്മെ തന്‍റെ മക്കൾ എന്നു വിളിച്ചിരിക്കുന്നതായി പറഞ്ഞിരിക്കുന്നു. (1 യോഹന്നാൻ 3:1). നാം ആ വ്യക്തിത്വത്തെ പൂർണ്ണമായി ഗ്രഹിക്കുന്നില്ല, എന്നാൽ യേശു നമുക്കു വെളിപ്പെടുമ്പോൾ,  നാം അവനെപ്പോലെയാകും (വാക്യം 2). പാപത്താൽ ഭംഗി നഷ്ടപ്പെട്ടിരുന്ന നാം, നമുക്കായ് വിഭാവന ചെയ്തിരിക്കുന്ന, നമ്മുടെ യഥാർത്ഥ വ്യക്തിത്വത്തിലേയ്ക്ക്, ടോബി എന്ന പൂച്ചയെപ്പോലെ,  ഒരിക്കൽ പുനഃസ്ഥാപിക്കപ്പെടും. ഇപ്പോൾ, ആ വ്യക്തിത്വത്തെക്കുറിച്ച് നമുക്ക് അംശമായി മനസ്സിലാക്കുവാനും, കൂടാതെ, നമ്മിലുള്ള ദൈവീകസ്വരൂപങ്ങളെ പരസ്പരം തിരിച്ചറിയുവാനും കഴിയും. എന്നാൽ ഒരു ദിവസം, നാം യേശുവിനെ കാണുമ്പോൾ നമുക്കുവേണ്ടി ദൈവം ഉദ്ദേശിച്ചിട്ടുള്ള വ്യക്തിത്വത്തിലേയ്ക്ക് നാം പൂർണമായും പുനഃസ്ഥാപിക്കപ്പെടും. നാം പുതുക്കപ്പെടും.